Wednesday, March 8, 2017

ഇനിയും

ഒരു ദുഃഖ സന്ധ്യതന്‍ യവനിക വീഴുന്നു
ഒരു പകല്‍ പക്ഷിയും പോയ്‌ മറഞ്ഞു 
ഇരുള്‍ മൂടി അലയുമെന്‍ ആത്മാവുമേതോ
വിജനതയിലെങ്ങോ മുങ്ങിടുന്നു  

പറയാതെ അറിയുന്ന രാവുകളും
ഇര തേടി അലയുന്ന പകലുകളും
ഒരു മുഗ്ദ്ധരാഗത്തിന്‍ മര്‍മ്മരവും
ലഹരിയായുള്ളില്‍ പതഞ്ഞുയര്‍ന്നു

അരുമായായ് തഴുകുമീ അളകങ്ങളും
ഹൃദയത്തില്‍ തിരതല്ലും ഓര്‍മ്മകളും
ചിരകാല മോഹത്തിന്‍ ശലഭങ്ങളും
കുറുകുന്നു നൊമ്പര പ്രാവുകളായ്

ഇനിയൊരു പകല്‍ കൂടി വന്നുവെന്നാല്‍ 
പകല്‍ പക്ഷി പിന്നെയും കൂടണഞ്ഞാല്‍
ഹൃദയത്തിലുതിരുമീ ശ്രുതിയൊന്നു മീട്ടുവാന്‍ 
ഇനിയുമീ  തന്ത്രികള്‍ ഒന്നുചേരും 


Sunday, May 12, 2013

...നഷ്ടം.....

ഇന്നുമെന്‍ ഓര്‍മയില്‍ മായാതെ നില്‍ക്കുന്ന
സ്നേഹത്തിന്‍ നിരകുടമാന്നമ്മ 
അമ്മതന്‍ ചക്കര ഉമ്മയെന്‍ കവിളിലെ
മായാത്ത മുദ്രയായ്‌ തങ്ങി നില്‍പ്പു

വെള്ള പുതച്ചിട്ടുമ്മറനടുവിലായ് 
ശാന്തമായ് സുഷുപ്തിയിലാണ്ട രൂപം 
എന്തൊരു ചന്തമാ മുഖമെന്‍ മുന്നില്‍ 
ഭൂമിയില്‍ മാലാഖ വന്നപോലെ

പിച്ച നടക്കുവാന്‍ എന്നെ പഠിപ്പിച്ച
കൈവിരല്‍ പോലും അനങ്ങിടാതെ
താരാട്ട് പാടിയിട്ടെന്നെയുdക്കിയ
നാവുമിന്നോന്നുമേ മിണ്ടിടാതെ

നിശ്ചലമായോരാ ഉമ്മറകോണില്‍ ഞാന്‍
കുഞ്ഞനിയത്തിയെ ചേര്‍ത്തിരിക്കെ 
എന്‍ മനമെന്നോട് മൂകമായ് മന്ത്രിച്ചു 
അമ്മയില്ലാത്തൊരീ ലോകം- എത്ര ശൂന്യം 
നന്മയും തിന്മയും വേറിട്ടു കാണിക്കും 
അമ്മതന്‍ കണ്ണുകള്‍ കൂമ്പിപോയി 
സത്യത്തിന്‍ നേരെ പകച്ചിരിക്കുമ്പൊഴും
അമ്മ വിളിക്കാന്‍ കാതോര്‍ത്തിരിപ്പു ഞാന്‍ 

അമ്മതന്‍ മാറിലുറങ്ങുവാനാകാതെ
മാതൃ വാത്സല്യം നുകരുവാനാകാതെ
കൌമരമാകെ അനാധത്വമേകുവാന്‍
എന്തിനെന്നമ്മയെ വേര്‍പെടുത്തി

ഒന്നുമറയാതുറങ്ങുമ്പൊഴും പോന്നമ്മതന്‍ 
മിഴികള്‍ തുളുമ്പുന്നുവോ എന്നെ തിരയുന്നുവോ
ആവോളമാമ്മിഞ്ഞ പലമൃതൂട്ടിയ മാറിടം
മെല്ലെ തുടിക്കുന്നുവോ പാല്‍ ചുരത്തുന്നുവോ

Wednesday, May 1, 2013

,,,,,,നീചജന്മം,,,,,,




നീചകുലജാതയായ് പിറന്നൊരീ
രാക്ഷസി ഞാനിന്നഹങ്കരിക്കുന്നുവോ
താമരപൂ ഗന്ധം മുകരുവാന്‍
ചെതോഹാറിയാം രാജ്ഞി ഉണ്ടാകിലും

അജ്ഞാത വാസത്തിന്‍ അജ്ഞാതയെങ്കിലും
പട്ടമഹിഷിയായ് മാറിയില്ലെങ്കിലും
നിന്നുടെ ഉണ്ണിയെ ഗര്‍ഭത്തില്‍ പേറുവാന്‍
കൈവന്നതീ രാക്ഷസ ജന്മത്തിന്‍ സൌഭാഗ്യം

രാജകുലത്തില്‍ പിറന്നവളാകിലും
പാണ്ഡവര്‍ തന്നുടെ പ്രേയസിയാകിലും
പാഞ്ചാലിയവളുടെ ഉള്ളമതറിയാതെ
മാതാവിനായ്‌ ഹോമിച്ചു സ്വപ്‌നങ്ങള്‍

പ്രാണനാം നിന്നുടെ പ്രേയസിക്കായെന്നും
ഊഴവും തേടി നീ കാത്തു നില്‍ക്കെ
നിന്നുടെയരികെ ഒന്നോടിയണയുവാന്‍
ഊഴത്തിനായ് ഞാനും കാത്തു നിന്നു

നിന്നുടെ രാജ്ഞി പദമില്ലയെങ്കിലും
സൌഗന്ധികപൂ മോഹിച്ചില്ലെന്നാലും
കീചക നിഗ്രഹം വിധിച്ചില്ല എന്നാലും
നിന്നുടെ ദാസിയായ് തീരുവാന്‍ കൊതിച്ചു ഞാന്‍


കളയുക നിയീ രാക്ഷസ്സ ജന്മത്തെയെന്നു 
ഗര്ജ്ജിക്കും രാജകുലജാതർനടുവിൽ
കടക്കണ്ണാല്‍ ഒരു നോട്ടമെനിക്കേകി
പടിയിറങ്ങുവാനായി എന്‍ നാഥന്

നിറയുമെന്‍ മിഴികള്‍ തുടക്കതെ നില്‍ക്കവേ
ഉയര്ന്നുപോയൊരു മാത്രയെന്നുടെ ഗദ്ഗദം
എന്നുടെ ഉള്ളില്‍ കിടക്കും നിന്നുടെ
ഉണ്ണിയും നീചകുല ജാതനോ ഭവാനും

ജന്മങ്ങള്‍ പാടി പുക്ഴ്തുമെന്നാകിലും
നന്മയായ്‌ നിന്നെയും കാട്ടിടുമെങ്കിലും
പെണ്ണിന്റെ സ്നേഹത്തെ ചൂഷണം ചെയ്യുന്ന
വെറുമൊരു മാനവന്‍ മാത്രമീ ഹിഡുംബി തന്‍ മുന്നില്‍ നീ

****ചരട്****



ആയുരാരോഗ്യങ്ങള്‍ നേടുവാനും
തളരാതെ എന്നും വളരുവാനും
ഈ ലോക ബന്ധനത്തിന്‍ അടയാളമായ്
ആദ്യമായ് കെട്ടിയൊരു കറുത്ത ചരട്

ഇടറാതെ പാദങ്ങള്‍ മുന്നേറുവാന്‍
കണേറ്റു തട്ടാതെ കാത്തീടുവാന്‍
ആത്മ വിശ്വാസ മേറീടുവാന്‍
കൈകളില്‍ ബന്ധിച്ചു മന്ത്രച്ചരട്‌

അമ്മതന്‍ താരാട്ട് കേട്ട് കേട്ട്
താളത്തില്‍ ആലോലമാടിയാടി
സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങാന്‍
ശയ്യയോരുക്കിയ തോട്ടില്‍ ചരട്

സങ്കടക്കടലില്‍ തുണയായ്‌ തുഴയുവാന്‍
എങ്ങും ജയിക്കുവാന്‍ ശക്തി പകരുവാന്‍
ആശിച്ചു കൊണ്ടെന്നും ദര്‍ശനം നേടുന്ന
ദേവന് പൂ ജക്ക് പൂമാല കെട്ടി അണിയിച്ച ചരട്

മോഹന സ്വപ്‌നങ്ങള്‍ പൂവണിയിക്കുവാന്‍
കൈപിടിച്ചെന്നും കൂടെ നടക്കുവാന്‍
കൈവന്ന സൌഭാഗ്യമെന്നു മോഹിപ്പിച്ച്
കണ്‍ടത്തില്‍ ബന്ധിക്കും പൊന്‍ചരട്

ബന്ധങ്ങള്‍ ബന്ധനമായിടുമ്പോള്‍
സ്ത്രീജന്മം ശാപമായ് തീര്‍ന്നിടുമ്പോള്‍
ക്രൂരമീ ലോകത്തെ വെല്ലിടുവാന്‍
വിധി വച്ചു നീട്ടുന്നു ഒരു തുണ്ട് ചരട്

Saturday, April 16, 2011

മോഹപുഷ്പം

സുന്ദരമേതോ കിനാവിലെന്‍ മുന്നിലൊരു
മോഹന പുഷ്പം വിടര്‍ന്നു വന്നു
തളിരിട്ട മോഹത്തില്‍ ചാലിച്ചതിലുറും
സിന്ദൂരം കൊണ്ട് ഞാന്‍ കുറി വരച്ചു

മറ്റാരും കാണാത്ത സുന്ദര ചിത്രമായ്‌
മങ്ങാതെ മായാതെ ഓര്‍ത്തിരുന്നു
വാത്സല്യ ചൂടിനാല്‍ ലാളിച്ചു പോയെന്നും
ഓമന കുഞ്ഞിനെ എന്നപോലെ

മാറോടണച്ചതിന്‍ ഗന്ധം നുകരുവാന്‍
മാത്രമായെന്നും മനം തുടിച്ചു
മനതാരില്‍ പീലി വിടര്‍ത്തിയ മാമയില്‍
ആടുന്നതെന്നും നിനക്കുവേണ്ടി

പുലര്‍കാല മഞ്ഞിന്‍ നൈര്‍മല്ല്യമായ്
കുളിര്‍ വീശി മെല്ലെ ഉണര്ത്തിയെന്നും
സായന്തനത്തിന്റെ ആര്ദ്രതയാല്‍
അനുരാഗം എന്നുള്ളില്‍ അനുഭൂതിയായ്

സ്വപ്നങ്ങള്‍ കൊണ്ടൊരു മാളിക തീര്‍ത്തെന്റെ
ഹൃദയത്തില്‍ മണി മഞ്ചലോരുക്കി വച്ചു
പൊള്ളുമാ സ്നേഹത്തിന്‍ എരിതീയില്‍ വിണെന്റെ
ജന്മം സഫലമായ് തീര്‍ന്നുവെങ്കില്‍

Sunday, February 13, 2011

പ്രണയം

നിന്നില്‍ എനിക്കുള്ള മോഹമാണ് പ്രണയമെങ്കില്‍

നിന്നില്‍ എനിക്കുള്ള വിശ്വാസമാണ് പ്രണയമെങ്കില്‍

നിന്നോട് എനിക്കുള്ള കരുതലാണ് പ്രണയമെങ്കില്‍
നിന്നോട് എനിക്കുള്ള സ്നേഹമാണ് പ്രണയമെങ്കില്‍

നിന്റെ ഹൃദയതാളം അറിയുന്നത് പ്രണയമാവുമെങ്കില്‍

നിന്റെ സ്നേഹിതരോട് അസൂയ തോന്നുന്നത് പ്രണയമാവുമെങ്കില്‍

നീ അടുത്തെത്തുമ്പോള്‍ ഉള്ളു മിടിക്കുന്നത്‌ പ്രണയമാണെങ്കില്‍

നിന്റെ സാമീപ്യം കൊതിക്കുന്നത് പ്രണയമാണെങ്കില്‍

നിനെ കാണുവാനായി കരള്‍ വെമ്പുന്നത് പ്രണയമാണെങ്കില്‍

നീ വരാതിരുന്നാല്‍ ഹൃദയം തേങ്ങുന്നത്‌ പ്രണയമാണെങ്കില്‍

നിന്റെ ഓര്‍മ്മകളെ ഓമനിക്കുന്നത് പ്രണയമാവുമെങ്കില്‍

എന്റെ സ്വപ്നങ്ങളില്‍ നീ നിറയുന്നത് പ്രണയമാവുമെങ്കില്‍

നിന്റെ വേദനയില്‍ ഉരുകുന്നത് പ്രണയമാവുമെങ്കില്‍

എന്റെ വേദനയില്‍ നിന്നെ ഓര്‍ക്കുന്നത് പ്രണയമാവുമെങ്കില്‍

നിന്റെ പുഞ്ചിരിയില്‍ സന്തോഷിക്കുന്നതാണ് പ്രണയമെങ്കില്‍

നിന്നോട് സംസാരിക്കുവാന്‍ കൊതിക്കുന്നതാണ് പ്രണയമെങ്കില്‍

നീ മിണ്ടാതിരുന്നാല്‍ മനസ്സ് അസ്വസ്തമാവുന്നതാണ് പ്രണയമെങ്കില്‍

നിന്നെ…..നിന്നെ ഞാന്‍ അതി മനോഹരമായി പ്രണയിക്കുന്നു........





Wednesday, February 2, 2011

മോക്ഷം

എന്തിനെന്നറിയില്ല കാതോര്തിരുപ്പു ഞാന്‍
നനവുള്ള നിശ്വാസം ഉതിരുന്നുവെങ്കിലും
നീയെന്ന സത്യത്തെ ഓമനിക്കുന്നു ഞാന്‍
അറിയുന്നു നീയെന്നെ പുല്കുവാനാവും ദിനത്തിനായ്
കൊതിയോടെ ഇരുളില്‍ പതുങ്ങി നില്‍ക്കുന്നതായ്

അടരാടുവാനുള്ളില്‍ മോഹമുണ്ടെങ്കിലും
സ്വപ്നങ്ങളൊക്കെയും ബാക്കിയാണെങ്കിലും
കരള്തെങ്ങി വിങ്ങുന്നതരിയുന്നുവെങ്കിലും
പ്രിയമുള്ളതൊക്കെയും മറയുന്നുവെങ്കിലും
നിന്നെ അകറ്റുവാന്‍ ആവുകില്ല

ബാല്യകാലതിന്‍ കുസൃതികളും
കൌമാര സ്വപ്നത്തിന്‍ വര്‍ണങ്ങളും
ക്രൂരനാം മര്‍ത്ത്യന്റെ പീഡനമേറ്റുട്ട്
കരയുന്ന ജനനിതന്‍ കണ്ണുനീരും
ഓര്‍ക്കുവാന്‍ മാത്രമീ ഒരു നിമിഷം

ഓര്‍മ്മകള്‍ അന്ധകാരത്തില്‍ വലിച്ചെറിഞ്ഞ്‌
എന്റെ ദുഖത്തിന്‍ അന്ധകാരത്തില്‍ നിന്നും
അന്ധകാരത്തില്‍ അലിയുവാന്‍ മാത്രമായ്
കൈപിടിച്ചെന്നെയും തെരിലെറ്റി
മരണമേ നീയെന്നെ കൊണ്ട് പൊകൂ