Wednesday, March 8, 2017

ഇനിയും

ഒരു ദുഃഖ സന്ധ്യതന്‍ യവനിക വീഴുന്നു
ഒരു പകല്‍ പക്ഷിയും പോയ്‌ മറഞ്ഞു 
ഇരുള്‍ മൂടി അലയുമെന്‍ ആത്മാവുമേതോ
വിജനതയിലെങ്ങോ മുങ്ങിടുന്നു  

പറയാതെ അറിയുന്ന രാവുകളും
ഇര തേടി അലയുന്ന പകലുകളും
ഒരു മുഗ്ദ്ധരാഗത്തിന്‍ മര്‍മ്മരവും
ലഹരിയായുള്ളില്‍ പതഞ്ഞുയര്‍ന്നു

അരുമായായ് തഴുകുമീ അളകങ്ങളും
ഹൃദയത്തില്‍ തിരതല്ലും ഓര്‍മ്മകളും
ചിരകാല മോഹത്തിന്‍ ശലഭങ്ങളും
കുറുകുന്നു നൊമ്പര പ്രാവുകളായ്

ഇനിയൊരു പകല്‍ കൂടി വന്നുവെന്നാല്‍ 
പകല്‍ പക്ഷി പിന്നെയും കൂടണഞ്ഞാല്‍
ഹൃദയത്തിലുതിരുമീ ശ്രുതിയൊന്നു മീട്ടുവാന്‍ 
ഇനിയുമീ  തന്ത്രികള്‍ ഒന്നുചേരും